Saturday, 20 December 2014

ദൂരങ്ങളെയും സമയങ്ങളെയും മറി കടന്നവർ

1976 ഇൽ ഞാൻ തിരുവനതപുരതെക്ക്  ബസ്സ് കയറിയപ്പോൾ (വണ്ടി കയറിയപ്പോൾ എന്നായിരുന്നു പറയേണ്ടിയിരുന്നത്.  പക്ഷെ അന്ന് തിരുവനന്തപുരത്തേക്ക് തീവണ്ടി ഇല്ലായിരുന്നു . രണ്ടു മാസത്തിനു ശേഷം ഞാൻ അവിടെ നിന്ന് തിരിച്ചു വരുമ്പോഴെക്കു തീവണ്ടി കണ്ടു പിടിച്ചിരുന്നു ) അമ്മ ബസ്‌ സ്റ്റാൻഡിൽ എന്റെ കൂടെ വന്നിരുന്നു.  കാരണം ഇനി എന്റെ ശബ്ദം കേൾക്കാൻ അമ്മക്ക് ഞാൻ തിരിച്ചു വരുവോളം കാത്തിരിക്കെണ്ടിയിരിക്കുന്നു. ബസ്സ് അവിടെ നിന്ന് വിട്ടു പോകുംവരെ എങ്കിലും ഈ ശബ്ദം കേട്ട് കൊണ്ടിരിക്കണം എന്ന് അമ്മക്ക് തോന്നിയിരിക്കണം . നമ്മുടെ  പരിസരപ്രദേശങ്ങളിൽ എവിടെയും അന്ന് ടെലി ഫോണ്‍ ഇല്ല.  അകലങ്ങളിലുള്ള ഈ ഉപകരണം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കപ്പെടുന്നവ ആയിരുന്നു. മരണം, കൊലപാതകം, തീ പിടുത്തം എന്നീ അത്യാഹിതങ്ങൾ അറിയിക്കാൻ വേണ്ടി മാത്രം. അതിനും പക്ഷെ അന്ന് വേറൊരു വഴിയുണ്ടായിരുന്നു.  കമ്പി. കമ്പിയുമെടുത്തു വരുന്ന ആ മനുഷ്യൻ എന്നും നമ്മുടെ നാട്ടു കാരുടെ പേടി സ്വപ്നമായിരുന്നു.  താള് പോലെയുള്ള ഹൃദയമുള്ള ആ മനുഷ്യൻ എന്ത് കൊണ്ടോ നമ്മുടെ നാട്ടുകാരുടെ ശത്രുവായി പോയി, അയാളുടെതല്ലാത്ത കുറ്റം കൊണ്ടു.  ഒരിക്കൽ അയാള് നേരെ വരുന്നത് തന്റെ വീട്ടിലെക്കാണെന്ന് അറിഞ്ഞ ജാനു അമ്മ തല ചുറ്റി വീണത്‌ എനിക്ക് ഇന്നും ഓർമ്മയുണ്ട്.  അവരുടെ വീഴ്ച വെറുതെ പാഴായി പോയില്ല.  കമ്പിയുടെ അങ്ങേ തലക്കൽ വച്ച് അവരുടെ ഭർത്താവ് രാമാട്ടാൻ അന്തരിച്ചു പോയിരുന്നു.

തിരുവനന്തപുരത്ത് എത്തിയ അന്ന് രാവിലെ ഞാൻ പോസ്റ്റ്‌ ആപ്പീസിൽ പോയി ഒരു ഇൻലാൻഡ്‌ വാങ്ങിച്ചു അമ്മക്ക് ഇങ്ങനെ എഴുതി.

പ്രിയപ്പെട്ട അമ്മെ,

ഞാൻ ഇവിടെ സുഖമായി എത്തി.  ഇവിടെ കുറെ ആൾകാരുടെ കൂടെ ഒരു മുറി വാടകക്കെടുത്തു.  നല്ല മുറി. പക്ഷെ കക്കൂസ് പുറത്താണ്. (ഒരു പായ്യാരത്തിന് എഴുതിയതാണ്. നമ്മുടെ വീട്ടിലും അന്ന് കക്കൂസ് പുറത്തു തന്നെ ആയിരുന്നു)...........................................................................................

                                                          എന്ന് അമ്മയുടെ പ്രിയപ്പെട്ട മകൻ.........

ഞാൻ മാത്രമല്ല അവിടെയുള്ള എല്ലാവരും എഴുതുകയായിരുന്നു, പല നേരങ്ങളിൽ,  പല രീതികളിൽ,  പല അഭിസംബോധനകളിൽ........പ്രിയപ്പെട്ട അച്ഛാ,  പ്രിയപ്പെട്ട രാജാ,  പ്രിയപ്പെട്ട കരളേ .........  അന്ന് ഈ എഴുത്ത് ഒരു സത്യമായിരുന്നു.  ശബ്ദമില്ലാത്ത ഒരു ലോകത്ത് ,  നാം നിശബ്ദമായി നമ്മുടെ പ്രിയപ്പെട്ടവരോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു അന്ന്.  ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു എന്റെ കത്ത് കിട്ടുന്ന എന്റെ പ്രിയപ്പെട്ട അമ്മക്കോ,  അത്രയും കാല താമസതിൽ അത്തരം ഒരു വസ്തു കിട്ടുന്ന കോമന്റെ കാമുകിക്കൊ, അങ്ങനെ ഉള്ള ആർക്കെങ്കിലുമോ , ആശയ മിനിമയത്തിലെ ഈ കാലതാമസം അന്നൊരു വേദനയായിരുന്നില്ല. നമ്മൾ കാത്തിരുന്നു കൊണ്ടെ ഇരുന്നു. വേദനയോടെ, പക്ഷെ സ്നേഹത്തോടെ.

'ഒരു മാസമായല്ലോ ചെക്കന്റെ കത്ത് കിട്ടിയിട്ട്, ചിലപ്പോ ഓന് തിരക്കായിരിക്കും'.  ഇതിൽ കൂടുതലായ ഒരു പരിഭവങ്ങളും അക്കാലത്ത് ഉണ്ടായിരുന്നില്ല എന്ന് എനിക്ക് നന്നായി അറിയാം.  കോമന്റെ കാമുകിയുടെ പരിഭവം തീര്ക്കുക , മറുപടി കിട്ടാത്ത കത്തിന് വീണ്ടും ഒരു കത്ത് കൂടെ അയച്ചു കൊണ്ടായിരിക്കും. നിഷ്കളങ്കങ്ങലായ പരിഭവങ്ങൾ.

കടലാസിൽ എഴുതുന്നതെന്തും ഞാൻ സാഹിത്യമായി കണക്കാക്കുന്നു.  നിങ്ങൾക്ക് ഞാൻ എഴുതിയതിനെ വേണമെങ്കിൽ പൊട്ടൻ സാഹിത്യം എന്ന് വിളിക്കാം.  പക്ഷെ അത് കൊണ്ടു അത് സാഹിത്യമല്ലാതായി പോകുന്നില്ല.  കത്തെഴുതുന്ന നമ്മൾ ഓരോരുത്തരും നമ്മുടെ സാഹിത്യത്തിനു നമ്മളാൽ കഴിയുന്ന സംഭാവനകൾ നൽകിയിട്ടുണ്ട്. അതിന്റെ വായനക്കാർ ചിലപ്പോൾ ഒന്നോ രണ്ടോ പേര് മാത്രമായി പോകുന്നത് വലിയ ഒരു കുറച്ചിലായി തോന്നേണ്ട കാര്യമില്ല.  നമ്മുടെ കാലഘട്ടം കത്തിനെ ഒരു ഉത്സവമായി കൊണ്ടാടി.  വരികളിലെ നിശബ്ദതയിലൂടെ നമ്മുടെ വേണ്ടപ്പെട്ടവർ നമ്മുടെ വേദനകൾ അറിഞ്ഞു, നമ്മുടെ സന്തോഷങ്ങൾ അറിഞ്ഞു, നമുക്ക് വന്ന ആപത്തുകൾ അറിഞ്ഞു.

ഓവർ ബരീസ്ഫോളിയിലെ കടൽ കാറ്റിൽ മലർന്നു കിടന്നു  കൊണ്ടു രാജൻ പറഞ്ഞു. 'കത്തുകൾക്ക് ഒരു ഗുണമുണ്ട്. സംഭവങ്ങൾ വൈകി മാത്രമേ അറിയേണ്ടവർ അറിയുന്നുള്ളൂ.  ഉദാഹരണത്തിന് ദൂരെ സ്ഥലത്ത് വച്ച് എനിക്ക് ഒരു അപകടമുണ്ടായാൽ എന്റെ സുഹൃത്തുക്കൾ എന്നെ ആശുപത്രിയിൽ എത്തിക്കുന്നു.  അമ്മയെ അറിയിക്കേണ്ടേ എന്ന് നീ ചോദിക്കുമ്പോൾ 'വേണ്ട' എന്ന് രവി പറയുന്നു. 'തൽകാലം നമുക്ക് ആശുപത്രിയിൽ ഇവന്റെ കൂടെ കിടക്കാം.  ചത്ത്‌ പോയാൽ വീട്ടിൽ പറയാം (എന്റെ മുഖത്ത് നോക്കിയാണ് അവൻ ഇത് പറയുന്നത് . ചാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടു മാത്രം.). മാസങ്ങൾ കഴിഞ്ഞു വീടിലെത്തിയാൽ അമ്മയോട് പറയുന്നു. 'ഹോ. അമ്മെ ഞാൻ ഒരു വാഹനാപകടത്തിൽ പെട്ടു' എന്ന്.  അമ്മ ഒന്നും തിരിച്ചു ചോദിക്കുന്നില്ല. ഏതോ  ദൈവത്തെ വിളിച്ചു ഏതോ പറയുക മാത്രം ചെയ്യുന്നു.  ജീവനോടെ തിരിച്ചു വന്നവനോട്‌ 'നിനക്കെന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കുന്നതിലെ വിഡ്ഢിത്തം അമ്മക്ക് അറിയാമായിരിക്കും.  ഇവിടെ അമ്മ എന്ന സ്ത്രീക്ക് അനാവശ്യ വേവലാതികൾ ഇല്ലാതാകാൻ ഈ കാല താമസം സഹായിച്ചു എന്നാണു നാം മനസ്സിലാക്കേണ്ടത്.

No comments:

Post a Comment