Wednesday, 10 December 2014

കുടിപ്പകയുടെ കഥകൾ

എലക്ട്രയുടെ കഥ വായിക്കുമ്പോഴോ, സിനിമ കാണുമ്പോഴോ നമ്മിൽ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് ശരിക്കും കുറ്റവാളി. എലക്ട്ര പറയുന്നതും ഒക്കെ സത്യം. തന്റെ പിതാവായ ആഗമംനോൻ , തന്റെ അമ്മയുടെയോ, അവരുടെ കാമുകന്റെയൊ കരങ്ങളാൽ ചതിയിൽ കൊല ചെയ്യപ്പെടുമ്പോൾ താൻ രാജ്യത്തില്ലായിരുന്നു. അച്ഛന്റെ വാത്സല്യ ഭാജനമായിരുന്ന എലെക്ട്രക്ക് അമ്മയോട് പ്രതികാരം ചെയ്യണമെന്നു തോന്നിയത് സ്വാഭാവികം.. ക്ലിടേംനെസ്ട്രക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ഏതോ ഒരു പീറ പെണ്ണിനെ (ഹെലെൻ) വീണ്ടെടുക്കാൻ കടല് താണ്ടി പോകുമ്പോൾ കൊടും കാറ്റ്കളെ തടഞ്ഞു നിർത്താനായി തന്റെ ഓമന മകൾ ഇഫിജിനിയയെ ബലി കൊടുത്ത ഈ ഘാതകനെ, അവൻ തന്റെ ഭാര്താവായിരുന്നാൽ കൂടി താൻ വക വരുത്തും എന്ന് ആ സാധ്വി പണ്ടെ തീരുമാനിച്ചതാണ്. യുദ്ധം കഴിഞ്ഞു അയാള് തിരിച്ചു വന്നതോ യുദ്ധത്തിൽ കിട്ടിയ കപ്പം എന്ന പേരില് തനിക്കു കിട്ടിയ വെപ്പാട്ടിയെയും കൊണ്ടു. ആരുടെ ഭാഗത്താണ് തെറ്റ്. കാമുകനായ എജിസ്തത്തിന്റെ സഹായത്തോടെ അവൾ തന്റെ കണവനേയും ഒപ്പം കസ്സാന്ദ്ര എന്ന അദ്ധേഹത്തിന്റെ കാമുകിയെയും വക വരുത്തി. എട്ടു വർഷങ്ങൾക്കു ശേഷം ഏതൻസിൽ നിന്ന് തിരിച്ചു വന്ന എലെക്ട്രയും തന്റെ സഹോദരനും അമ്മയുടെ കഥ അവിടെ അവസാനിപ്പിച്ചു , ഒപ്പം കാമുകന്റെയും.
ഈ കഥക്ക് പുരാവൃത്തങ്ങൾ പലതും ഉണ്ടാകാം. ഇനിയൊരു നാളെ വീണ്ടും നടക്കാനിരിക്കുന്ന മറ്റൊരു പകയുടെ പുരാവൃതമാകാം എലെക്ട്രയുടെ ഈ പറഞ്ഞ കഥ. ശരിക്കും പുരാവൃത്തങ്ങൾ തുടങ്ങുന്നത് എവിടെ നിന്നാണ്. കായെനിൽ നിന്ന് തന്നെയാണോ. അങ്ങനെ എങ്കിൽ സ്വത്തിന്റെ അവകാശത്തിനു പതിമൂന്നു വര്ഷം എന്ന പരിധി നിർണ്ണയിക്കുന്നത് പോലെ പകകൾക്കും പരിധി നിർണ്ണയിക്കെണ്ടതാണ്. അല്ലെങ്കിൽ കുടിപ്പകകൾ തുടർന്ന് കൊണ്ടെ ഇരിക്കും. ആശ്വത്താമാവുകൾ ജനിച്ചു കൊണ്ടെ ഇരിക്കും.

No comments:

Post a Comment