Sunday, 21 December 2014

കരുതിക്കൂട്ടിയുള്ള നശിപ്പിക്കൽ/ആവശ്യം കഴിഞ്ഞാൽ എറിഞ്ഞു കളയൽ

ആധുനിക വ്യവസായം നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്. മാർകറ്റിൽ വസ്തുക്കൾ നിറയുന്നതിനു ആനുപാതികമായി അവ ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ മാർകറ്റ്‌ നിശ്ചലമാകും. അത്തരം ഒരു നിശ്ചലത രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർതെക്കും. (മാർകെട്ടിനെ അത്യധികമായി ആശ്രയിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയുടെ ഒരു പോരായ്മ മാത്രമാണ് ഇത് എന്ന് പല പ്രഗൽഭരും ചൂണ്ടി കാട്ടിയിട്ടുണ്ട്).   വസ്തുക്കളുടെ ഈ കുന്നുകൂടലിനെ പ്രതിരോധിക്കുന്നതിൽ ഫേഷൻ ടെക്നോളജിയുടെ സ്ഥാനം എന്തെന്ന് മുൻപേ പറഞ്ഞു.  ഇപ്പോൾ ഇവിടെ വിവരിക്കാൻ പോകുന്നത്, ആധുനിക വ്യവസായം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ്. വളരെ വേഗം നാശത്തെ നേരിടുന്ന രീതിയിൽ വസ്തുക്കളെ ഉല്പാദിപ്പിക്കുക.  നമ്മൾ വീട്ടില് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന മിക്സിയൊ, മറ്റേതെങ്കിലും ഉപകരണങ്ങളോ രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞു പ്രവർത്തന രഹിതമാകുമ്പോൾ വലിയമ്മ പറയുന്നു.  'നമ്മുടെ കാലത്ത് വാങ്ങിച്ച മിക്സി പത്തു കൊല്ലം കഴിഞ്ഞും ഒരു കുഴപ്പമില്ലാതെ ഓടി' എന്ന്. സത്യമാണ്.  കരുതികൂട്ടിയുള്ള ഈ നശീകരണ പ്രവണത നമ്മുടെ വ്യവസായങ്ങളുടെ രീതി ആകുന്നതിനു മുൻപ് അത് അങ്ങനെ തന്നെ ആയിരുന്നു.  പക്ഷെ ഒരു വസ്തു പത്തോ അതിലധികമോ വർഷം നില നിന്നാൽ പിന്നെ, വ്യവസായ ശാല എന്ത് ചെയ്യും.  അതിനു അടച്ചു പൂട്ടൽ ഭീഷണിയെ അതി ജീവിക്കേണ്ടി യിരിക്കുന്നു.  അപ്പോൾ, സൃഷ്ടിക്കപ്പെടുന്ന വസ്തുക്കൾ അധിക കാലം ഓടി ക്കൊണ്ടിരിക്കാൻ  പാടില്ല.  ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അത് തീര്ച്ചയായും പ്രവർത്തനരഹിതമാകണം.  പക്ഷെ അതിനു സമാന്തരമായി മനുഷ്യനിൽ ഒരു പുതിയ സ്വഭാവവും വളർത്തിയെടുക്കണം. അല്ലാതിരുന്നാൽ അവൻ ഈ ഉപയോഗ ശൂന്യമായ വസ്തുവിനെ നന്നാക്കി എടുത്തു വീണ്ടും ഉപയോഗിചെക്കും.

ഉപയോഗ ശേഷം വലിച്ചെരിയൽ

ഇന്ന് നമ്മുടെ വീടുകളിൽ കുന്നു കൂടുന്ന വേസ്റ്റുകൾ എന്താണെന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.  തീർച്ചയായും സാധനങ്ങൾ പൊതിഞ്ഞു കൊണ്ടു വന്ന ഉറകൾ.  വീട്ടില് ഒരു ഫ്രിജ് വാങ്ങിയാൽ ഫ്രിജിനെക്കാൾ കൂടുതലായി ഉണ്ടാകുക ഉപയോഗ രഹിതമായ അതിന്റെ പുറം തോടുകൾ ആയിരിക്കും. വീണ്ടും ഉപയോഗിക്കാൻ ആവാത്ത പുറം തോടുകൾ നിർമ്മിക്കാൻ മാത്രം ഇവിടെ ആയിരക്കണക്കിന് വ്യവസായങ്ങൾ ഉണ്ട്.  പക്ഷെ നമ്മുടെ ഈ 'എറിഞ്ഞു കളയൽ' പ്രവണത അവിടെ അവസാനിക്കുന്നില്ല.  നിങ്ങളുടെ വീടിലെ സാമാന്യം വിലയുള്ള ഒരു ഗൃഹോപകരണം കേടായി എന്ന് വിചാരിക്കുക. അത് നന്നാക്കിയെടുക്കുന്നതിനേക്കാൾ കൂടുതലായി ഇപ്പോൾ നാം ഓരോരുത്തരും ആഗ്രഹിക്കുന്നത് അത് മാറ്റിഎടുക്കാനാണ്.  എക്സ്ചേഞ്ച്‌ മേളകൾ വ്യവസായം കണ്ടു പിടിച്ചത് അതിനു വേണ്ടി മാത്രമാണ്.  തൽകാലത്തേക്ക് ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കൾ പോലും നിങ്ങൾ ശരിയാക്ക് ഉപയോഗിക്കരുത്. അതിനു പകരം നിങ്ങൾ പുതിയ ഒരെണ്ണം വാങ്ങണം.  ഇങ്ങനെ മാത്രമേ ഒരു വ്യവസായത്തിന് നില നിന്ന് പോകാൻ കഴിയുള്ളൂ.

പക്ഷെ ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഉത്ഭവിക്കുന്നു.  നിങ്ങളുടെ വീട്ടിലെ ടീ വീ ഇരുപതു കൊല്ലം യാതൊരു കേടും കൂടാതെ ഓടി കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാകുമോ?  ഞാൻ 1984 ഇൽ വാങ്ങിച്ച ടീ വീ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് .  അന്ന് അത് മാത്രമേ മാർകറ്റിൽ ഉണ്ടായിരുന്നുള്ളൂ.  അത് ഇരുപതു വർഷക്കാലം ജീവിച്ചു പോയാൽ 2004 ഇൽ നിങ്ങളൊക്കെ നിറമുള്ള ചിത്രങ്ങൾ കാണുമ്പോൾ ഞാനും എന്റെ കുടുംബവും പഴയ ആ കറുപ്പും വെളുപ്പും ചിത്രങ്ങൾ തന്നെ കാണേണ്ടി വന്നേനെ.  പക്ഷെ അങ്ങനെ സംഭവിച്ചില്ല. സംഗതി നാല് വർഷം കൊണ്ടു തന്നെ പോയി കിട്ടി. അഥവാ പോയില്ലെങ്കിലും നാം അതിനെ എടുത്തെറിയും എന്ന് ഉറപ്പാണ്.  അപ്പോൾ ഒരു ചരക്കു അധിക കാലം നില നില്കുന്നതിൽ ഇങ്ങനെ ഒരു പാരയുണ്ട്.  അതായത് ശാസ്ത്രത്തിന്റെ നവീനമായ കണ്ടു പിടുത്തങ്ങൾ ഉപയോഗിക്കാൻ നാം കുറെ കൂടെ കാത്തിരിക്കേണ്ടി വരും.  അപ്പോൾ ശാസ്ത്രം അതി ദ്രുതം മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ  ഉപകരണങ്ങളുടെ കാല ചക്രം കുറഞ്ഞിരിക്കേണ്ടത് നമ്മുടെയും ഒരു ആവശ്യമായി തീരുന്നു.

പക്ഷെ എല്ലാ വസ്തുക്കളും  ഈ നിർവചനത്തിൽ വരുമോ എന്നത് നമ്മൾ ഓരോരുത്തരും പരിശോധിക്കേണ്ടതാണ്.  വേസ്റ്റുകൾ വളരെ വലിയ സാമൂഹിക പ്രശ്നമായി തീര്ന്നിരിക്കുന്ന വര്ത്തമാന കാലത്തെങ്കിലും.

No comments:

Post a Comment