Friday, 26 December 2014

അഴിമതിയെ കുറിച്ചുള്ള താത്വികമായ ഒരു അവലോകനം.



ഒരു സർക്കാരാപ്പീസിൽ വച്ച് ഒരു സര്ടിഫിക്കറ്റ് കിട്ടാൻ നിങ്ങൾ നൂറു രൂപ കൈക്കൂലി കൊടുക്കുന്നെങ്കിൽ അതിന്റെ അർഥം നിങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ മറ്റൊരുവന്റെ കീശയിൽ പോയി വീണു എന്നുള്ളത് മാത്രമാണ്.  ലോകത്തിനു അത് കൊണ്ടു കൂടുതലായി  എന്തെങ്കിലും  അപകടങ്ങൾ സംഭവിക്കാൻ ഇടയില്ല.  കാരണം നിങ്ങൾ ചിലവാക്കാതിരുന്ന നൂറു രൂപ മറ്റൊരാൾ ചിലവാക്കുന്നൂ എന്ന് മാത്രം.  നന്മ/തിന്മകളുടെ  പ്രശ്നങ്ങളെ കുറിച്ച് തൽകാലം ഇവിടെ ചിന്തിക്കുന്നില്ല.  എന്നാൽ ഒരു പാലം പണിയാൻ ഉത്തരവാദിത്വ മുള്ളവൻ കൈക്കൂലി വാങ്ങിക്കുമ്പോൾ സംഭവിക്കുന്നത്‌ അതല്ല.  അവൻ പാലം പണിയാൻ വേണ്ട വസ്തുക്കൾ ഇസ്കുകയാണ് ചെയ്യുന്നത്. ഒരു ചാക്ക് പൂഴിക്കു ഒരു ചാക്ക് സിമെന്റ് എന്നതിന് പകരം, ഒരു ലോറി പൂഴിക്കു ഒരു ചാക്ക് സിമെന്റ് എന്ന രീതി.  പാലത്തെ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാലും രക്ഷപ്പെടുത്താൻ പറ്റുകയില്ല എന്ന് അർഥം.  ദൌർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ മിക്ക അഴിമതികളും ഈ രീതിയിൽ ഉള്ളവയാണ്. കാടിനെ കാക്കാൻ നിർത്തിയവർ കക്കുന്നത്‌ കൊണ്ടു മാത്രമാണ് ഇവിടെ കാടുകൾ ഇല്ലാതായിപോയത് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്.  അഴിമതി ഇത്തരത്തിൽ ഒരു രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പൂർണ്ണമായി തകർക്കുന്നു.  ആദ്യത്തെ രീതിയിലുള്ള കൈക്കൂലി ദ്രവ്യ നാശം ഉണ്ടാക്കുന്നില്ല എങ്കിൽ, രണ്ടാമതെത് ശരിക്കും നശീകരണ പ്രവൃത്തി പോലെ ആണ്.  പ്രകടനക്കാർ കെട്ടിടങ്ങളുടെ കണ്ണാടികൾ എറിഞ്ഞു തകർക്കുന്നതിനും ഇതിനും തമ്മിൽ വലിയ വ്യത്യാസമില്ല.

ഇന്നലെ നിങ്ങൾ ഒരു ആപ്പീസിൽ പോയി എന്തെങ്കിലും ആവശ്യത്തിനു 100 രൂപ കൊടുത്തപ്പോൾ , അത് വാങ്ങിച്ച പയ്യൻ നാളെ നിങ്ങളുടെ മകളെ പെണ്ണ് കാണാൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യും.  ഭാര്യയെ വിളിച്ചു ഇങ്ങനെ പറയും 'എടീ അവൻ അഴിമതിക്കാരനാ. നമ്മുടെ മകളെ അവന്റെ കൂടെ അയക്കുന്നില്ല' എന്ന്.  എവിടെ. അങ്ങനെ ഒന്നുമല്ല പറയുന്നത്. അതിനു പകരം പറയുന്നത് ഇതാണ് . 'വലിയ ശമ്പളമൊന്നും ഇല്ലെങ്കിലും, മറ്റു വരുമാനങ്ങൾ വേണ്ടു വോളം ഉണ്ടെന്നു കേൾക്കുന്നു. സമ്മതമാണെന്ന് പറയാം' എന്ന്.  ഒരിക്കൽ ഒരു നാട്ടു കാരന്റെ മകൾക്ക്‌ കല്യാണാലോചന വന്നപ്പോൾ വരന് എന്താണ് ജോലി എന്ന് ഞാൻ ചോദിച്ചു. 'ഓ, അവനു കള്ള കടത്താണ്' പെണ്ണിന്റെ അച്ഛന്റെ മറുപടി.  ഒരിക്കൽ നമ്മുടെ നാട്ടിൽ ഒരു കള്ളനെ പിടിച്ചു തെങ്ങിൽ കെട്ടിയിട്ടു കണ്ടവരൊക്കെ അടിക്കാൻ തുടങ്ങി.  കൈക്കൂലിക്കാരനായ ഒരു ആപ്പീസ് ക്ലാർക്ക് അവന്റെ വക ഒരു അടി  കള്ളനു കൊടുത്തു എന്റെ മുന്നിൽ വന്നു നിൽക്കുകയായിരുന്നപ്പോൾ ഞാൻ അയാളോട് ചോദിച്ചു 'നിങ്ങൾക്ക് കുറ്റ ബോധം തോന്നുന്നില്ലേ' എന്ന്. അയാള് എന്നെ തറപ്പിച്ചു ഒന്ന് നോക്കി അവിടെ നിന്ന് പോയി കളഞ്ഞു. കള്ളനെ അടിക്കുന്നത് നമ്മൾ  തടഞ്ഞു .  ഒരു ഓട്ടോകാരൻ രണ്ടു രൂപ അധികം ചോദിച്ചതിനു അവനെ നിർത്തി ചീത്ത പറയുകയായിരുന്ന കൈക്കൂലി ബാബുവിനോടു വഴിയെ പോയ രാമൻ മാഷ്‌ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു 'കൊടുത്തെക്കെടോ. ഓൻ അത് കൊണ്ടു ഓന്റെ മോൾക്ക്‌ ഒരു മുട്ടായി വാങ്ങി കൊടുക്കട്ടെ. നിന്നെ പോലെ ഒരു കൊട്ടാരമൊന്നും അത് കൊണ്ടു അവൻ പണിയില്ല'.  രാമൻ മാഷുടെ മകൻ സർക്കാർ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു. നൂറു  രൂപ ഫീസ് . ദിവസം നൂറു രോഗികൾ

അഴിമതിയെ  മാത്രമല്ല ഇത് കാണിക്കുന്നത്. അഴിമതിയിൽ തകർന്നു കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെ കൂടിയാണ്.  നശീകരണ പ്രവണത ഒരു ജീവിത രീതി ആക്കി കൊണ്ടിരിക്കുന്ന ഒരു സംസ്കാരം. യഥാർത്ഥത്തിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലേ.

ലോകത്ത് എല്ലാ രാജ്യങ്ങളിലും അഴിമതി ഉണ്ട്.  അഴിമതി ഒരു ആഗോള പ്രതിഭാസമാണ് എന്ന് നമ്മുടെ ഏതോ മഹാൻ പറഞ്ഞിട്ടും ഉണ്ട്.  പക്ഷെ അഴിമതി പൊതു നിരത്തിൽ പ്രകടമായി കാണുന്ന രാജ്യങ്ങൾ വളരെ കുറവാണ്. റോഡിലെ കുഴികൾ കാണുമ്പോൾ നമുക്ക് ആർക്കും ഒന്നും തോന്നുന്നില്ല എന്നത് തന്നെ അതിനു തെളിവാണ്.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ അമേരികയിൽ പോയി വന്ന ഏതെങ്കിലും ഒരാളോട് സംസാരിച്ചു നോക്കുക. അപ്പോൾ അയാള് പറയുന്നത് ഇതാണ്. ഒരു ട്രാഫിക് പൊലീസ്സുകാരനൊ, ഒരു ആപ്പീസ് ക്ലാർക്കിനൊ കൈക്കൂലി കൊടുക്കാൻ നിങ്ങൾ ശ്രമിച്ചാൽ തീര്ച്ചയായും നിങ്ങൾ അവിടെ അറസ്റ്റ് ചെയ്യപ്പെടും. രാജ ഭരണമുള്ള ഗൾഫിലെ റോഡുകൾ പോലും നമ്മുടെതിനേക്കാൾ പതിന്മടങ്ങ്‌ നല്ലതാണ്.  അവ അങ്ങനെ ആയതു കടലാസിൽ കാണിച്ച സിമന്റ്‌ റോഡിൽ ചിലവാക്കിയത് കൊണ്ടു തന്നെയാണ്. നമുക്ക് അത് ചിന്തിക്കാൻ കൂടി ഇനിയും നാളുകൾ ഏറെ വേണ്ടിവരും.

വലിയ ഇടങ്ങളിലെ അഴിമതിയേക്കാൾ അപകടം ചെറിയ ഇടങ്ങളിലെ അഴിമതിയാണ്.  വലിയ ഇടങ്ങളിലെ അഴിമതികൾ ഭരണകൂടങ്ങൾ മാറി വരുമ്പോൾ ഇല്ലാതായെക്കാം.   പക്ഷെ സാധാരണ ജനത അത് ഒരു ജീവിത രീതിയാക്കിയാൽ , അത് നേരെയാക്കാൻ ഒരു ഭരണ കൂടം വിചാരിച്ചാൽ നടക്കും എന്ന് തോന്നുന്നില്ല. അഥവാ നടക്കണമെങ്കിൽ അത്രയും ഇച്ചാ ശക്തിയുള്ള ഒരു ഭരണ കൂടം തന്നെ വേണം. 

No comments:

Post a Comment