Monday, 29 December 2014

അന്ധ വിശ്വാസങ്ങൾ

യുക്തി ഭദ്രമല്ലാത്ത എല്ലാ വിശ്വാസങ്ങളെയും നാം അന്ധ വിശ്വാസങ്ങൾ എന്നാണല്ലോ പറയുന്നത്.  പക്ഷെ ഒരു വിശ്വാസത്തിലെ യുക്തി കുടി കൊള്ളുന്നത്‌ എവിടെയാണ്.  ഒരു അണുവിൽ പ്രോടോണ്‍ ന്യൂട്രോണ്‍ എന്നീ മായകൾ ഉണ്ടെന്നു നാം വിശ്വസിക്കുന്നതിലെ യുക്തി എന്താണ്.  നമ്മുടെ ഇന്ദ്രിയങ്ങളെ കൊണ്ടു അനുഭവിച്ചു അറിയാൻ  ആവാത്ത സത്യമോ അസത്യമോ അല്ലെ  അത്. അപ്പോൾ നാം അത് എങ്ങനെ വിശ്വസിക്കും.  അഥവാ നാം അത് വിശ്വസിച്ചു എങ്കിൽ അതിനെ നാം അന്ധ വിശ്വാസം എന്ന് വിളിക്കാത്തത് എന്ത് കൊണ്ടു.  വ്യക്തമായ ഉത്തരം പറയാൻ ആർക്കും ആവുന്നില്ല.  ആകെ കൂടെ പറയാവുന്നത് മേൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ മുന്നിൽ അവതരിപ്പിച്ചവർ ഒക്കെയും വിശ്വസിക്കാൻ കൊള്ളാവുന്നവർ ആണ് എന്നുള്ള യുക്തി മാത്രമാണ്.
ഇനി മറ്റൊരു ചോദ്യം ചോദിക്കാം . ഭൂമി ഉരുണ്ടതാണ് എന്ന് നിങ്ങൾ ഏവരും ഉള്ളു കൊണ്ടു വിശ്വസിക്കുന്നുണ്ടോ.  ഞാൻ വിശ്വസിക്കുന്നില്ല.  എന്നെ സംബന്ദിചെടത്തോളം ഭൂമി എന്നത് ഞാൻ എന്റെ കണ്ണ് കൊണ്ടു കാണുന്നത് പോലെ പരന്ന ഒരു വസ്തു തന്നെ ആണ്. അങ്ങനെ അല്ല എന്ന് തെളിയിക്കാൻ നിങ്ങൾക്ക് ആവുമോ. ഞാൻ നിങ്ങളെ വെല്ലു വിളിക്കുകയാണ്‌.  ഇക്കാര്യത്തിൽ എന്നെ പരാജയപ്പെടുത്താൻ നിങ്ങളുടെ കൈവശം ഒരു കോപ്പും ഇല്ല എന്ന് എനിക്ക് വ്യക്തമായി അറിയാം.  സദാ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ മറ്റുള്ളവയുടെ ചലനമോ ചലനമില്ലായ്മയോ,  മറ്റു വസ്തുക്കളുടെ രൂപമോ, ഭാവമോ അറിയണം എന്നുണ്ടെങ്കിൽ, നോക്കുന്നവൻ സ്ഥിരമായി നിൽക്കണം. നമ്മൾ സ്ഥിരമായി ഒരു സ്ഥലത്ത് നില്ക്കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രമല്ല നമ്മുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് പോലും അറിയാനാവാത്ത തരത്തിൽ നിസ്സഹായരാണ് നമ്മൾ. അപ്പോൾ നമ്മുടെ ഭൂമിയുടെയോ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ഭൂമിയുടെയോ രൂപം എന്തെന്ന് നമുക്ക് ഒരിക്കലും അറിയാൻ  പറ്റില്ല.  ആകെ കൂടി ഉള്ളത് അത് ഇങ്ങനെ ആകാം അങ്ങനെ ആകാം എന്ന രീതിയിലുള്ള ഒരു പിടി വിശ്വാസങ്ങൾ മാത്രമാണ്. അതായത് അന്ധ വിശ്വാസങ്ങൾ.

ശാസ്ത്രവുമായി ബന്ധപ്പെട്ടു ഇന്ന് നമ്മൾ വിശ്വസിക്കുന്ന പലതും അന്ധ വിശ്വാസങ്ങൾ മാത്രമാണ്.  നമുക്ക് വേറെ നിവൃത്തിയില്ല.  പരീക്ഷണ ശാലയിൽ പോയി ഇതൊക്കെ ശരിയോ തെറ്റോ എന്ന് പരിശോധിച്ച് അറിയാൻ , നമ്മുടെ ധിഷണയുടെ പരിമിതി നമ്മെ അനുവദിക്കുന്നില്ല.  അപ്പോൾ പരിപൂർണ്ണ യുക്തി വാദിയായ ഞാൻ അവയൊന്നും വിശ്വസിക്കേണ്ട എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് എന്ന് നിങ്ങൾ ചോദിച്ചേക്കും.  പക്ഷെ ഞാൻ അങ്ങനെ പറയുന്നില്ല.  കാരണം മനുഷ്യ പുരോഗതിക്കു അന്ധ വിശ്വാസങ്ങൾ ആവശ്യമാണ്‌.  എല്ലാം നേരിൽ കണ്ടാൽ മാത്രമേ താൻ വിശ്വസിക്കുകയുള്ളൂ എന്ന് എല്ലാ ബുദ്ധി ജീവികളും നിര്ബന്ധം പിടിച്ചിരുന്നു എങ്കിൽ, അവർ ഓരോരുത്തരും തങ്ങളുടെ മുൻഗാമികൾ കണ്ടു പിടിച്ചതിലൂടെ ഒരു ആവർത്തന പ്രദക്ഷിണം നടത്തേണ്ടി വന്നേനെ.  അങ്ങനെ ആയിരുന്നെങ്കിൽ ഒരു പടി മുന്നോട്ടു പോകാൻ അവർക്ക് കാലം കുറെ വേണ്ടി വന്നേനെ.  പക്ഷെ അവർ അത് ചെയ്യുന്നില്ല. തങ്ങളുടെ മുൻഗാമികൾ ചെയ്തു വച്ചത് ഒക്കെയും ശരിയായിരുന്നു എന്ന് വിശ്വസിച്ചു കൊണ്ടു , അവർ നിർത്തി വച്ചെടത് നിന്ന് വീണ്ടും തുടങ്ങുകയാണ് അവർ ചെയ്യുന്നത്.  അത് സമയ നഷ്ടം വലിയ ഒരു പരിധി വരെ ഒഴിവാക്കി തരുന്നു.
അപ്പോൾ വിശ്വാസം എന്നത് വളർച്ചക്ക് അത്യന്താപെക്ഷിതമാണ് എന്ന് വരുന്നു. ശരിയല്ലേ.

No comments:

Post a Comment