ബെർറ്റ്രന്റ് ടാവനീയരുടെ ' ജഡ്ജിയും കൊലപാതകിയും' എന്ന സിനിമയിലെ സീരിയൽ കൊലപാതകി ആയ ബോവിയർ , അന്വേഷണ ഉദ്യോഗസ്ഥനോട് പറയുന്നത് ഇതാണ്. 'ഞാൻ കൊലപാതകി ആയതിനു കാരണം, പണ്ടൊരിക്കൽ എന്നെ ഒരു ഭ്രാന്തൻ നായ കടിച്ചതാണു' എന്ന്. ഫ്രാൻസിനെ ഒരു കാലത്ത് വിറപ്പിച്ച ലാണ്ട്രു എന്ന കൊലപാതകിയും യഥാർത്ഥത്തിൽ ഇത് തന്നെയാണ് പറഞ്ഞത്. പക്ഷെ ഒരാള് കൊലപാതകി ആകുന്നതിനു ഇതൊരു കാരണമല്ല എന്ന് നമുക്ക് അറിയാം. പിന്നെ എന്ത് കൊണ്ടു സമൂഹത്തിൽ വളരെ കുറച്ചു പേര് ഇത്തരത്തിൽ ഭീകരർ ആയി പോകുന്നു. എന്ത് അജ്ഞാത ശക്തിയാണ് ഇവരെ അത്തരത്തിലുള്ള ദുഷ്കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ആവേശത്താലോ പ്രതികാര വാഞ്ചയാലോ ഒരാള് കൊല ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷെ ഇത് അങ്ങനെ അല്ല. പലപ്പോഴും ലൈങ്ങികതയുടെ അതി പ്രസരമാണ് ഇത്തരം കൊലപാതകങ്ങളിൽ കാണുന്നത്. കോളിൻ വിത്സണ്‍ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, സമൂഹത്താൽ തിരസ്കരിക്കപ്പെടുന്ന , വിരൂപരായ മനുഷ്യർ , തങ്ങളുടെ പ്രതികാരം തീർക്കാൻ, ലൈങ്ങികതയിൽ കുതിർന്ന ഭീകരതയെ ശരണം പ്രാപിച്ചേക്കാം എന്ന്. ടാവേനിയരുടെ കഥാപാത്രം ചിലപ്പോൾ അത്തരം ഒരു സിദ്ധാന്തത്തിനു ഒരു ഉദാഹരണം ആയേക്കാം. ബോവിയർ എന്ന ഭീകരനും ത്യജിക്കപ്പെട്ട ഒരു കാമുകൻ തന്നെ ആയിരുന്നല്ലോ. പക്ഷെ ആ സിനിമയിൽ ഒരിടത്തും ടാവനിയർ, കൊലപാതകിയോടു തനിക്കുള്ള സഹതാപം മറച്ചു വെക്കാൻ ശ്രമിച്ചില്ല എന്ന് നാം ശ്രദ്ധിക്കേണ്ടതാണ്. സിനിമയുടെ അന്ത്യത്തിലുള്ള വാചകങ്ങൾ പോലും സൂചിപ്പിക്കുന്നത് അതാണ്. ബോവിയർ കൊല നടത്തി നൂറോളം പെണ്ണുങ്ങളെ കൊന്ന അതെ കാല ഘട്ടത്തിൽ ഫ്രാൻസിൽ പട്ടിണി കൊണ്ടു മരിച്ചത് പതിനായിരങ്ങൾ ആയിരുന്നെന്ന ടാവനീയരുടെ ഈ പ്രസ്താവനയുടെ അർഥം എന്താണ്.
ഏതാണ്ട് ഫിറ്റ്സ് ലാങ്ങിന്റെ ശിശു പാതകിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഇവിടെയും ബെക്കർറ്റ് എന്ന കൊലപാതകി അധോലോക കോടതിയിൽ പറയുന്നത് ഇത് മാത്രമാണ്. മറ്റെല്ലാവരും കൊലപാതകം നടത്തുന്നത് മുൻപേ തീരുമാനിച്ചു ഉറച്ചു കൊണ്ടാണെങ്കിൽ എന്നിൽ അദമ്യമായ കൊലപാതക വാഞ്ച എവിടെ നിന്നോ കയറി വരുന്നതാണ്. കൊലക്കു ശേഷം ഞാനൊരു നല്ല മനുഷ്യനാകുകയും ചെയ്തു പോയ തെറ്റിൽ പരിതപിക്കുകയും ചെയ്യുന്നു. എന്റെ ഉള്ളിൽ ഉള്ള മറ്റെന്തോ ആണ് എന്നെ കൊല ചെയ്യിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കൊലപാതകിക്കു ശിക്ഷ വിധിക്കേണ്ട ഭാഗം ഫിറ്റ്സ് ലാങ്ങ് പൂർതീകരിക്കുന്നില്ല എന്നതാണ്. അവന്റെ വിധി എന്തെന്ന് നാം ഒരിക്കലും അറിയാതിരിക്കുന്നു. അവൻ വധിക്കപ്പെട്ടാലും ഈ കൊലപാതക തൃഷ്ണ ലോകത്ത് വീണ്ടും വീണ്ടും കാണേണ്ടി വന്നേക്കാം എന്നാവാം ലാങ്ങ് ഉദ്ദേശിച്ചത്.
പക്ഷെ സമൂഹം ഇത്തരം കൊലപാതകികളെ സൃഷ്ടിക്കുന്നതിനു എന്തെങ്കിലും സംഭാവനകൾ നലിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മേൽ പറഞ്ഞ രണ്ടു സിനിമകളിലും അത്തരം ഒരു സൂചനയാണ് നമ്മുടെ മുന്നില് അവതരിക്ക പ്പെട്ടിട്ടുള്ളത്.
അതിനെ കുറിച്ച് അടുത്ത ഭാഗത്തിൽ
No comments:
Post a Comment