ഫേസ് ബുക്കിൽ നിന്ന് ആരുടെയോ തെറി കിട്ടിയ ഉടനെ മണ്ടോടി പ്രെഷർ നോക്കി. എന്റമ്മോ 180/100. ഡോകടർ ചാത്തുവിന്റെ അടുത്തേക്ക് ഉടനെ ഓടി.
എന്താടോ പറ്റിയത്
പ്രഷറു നോക്കണം
(നോക്കിയതിനു ശേഷം)
കാര്യമായി പ്രഷർ ഒന്നുമില്ലല്ലോ. പിന്നെ എന്താ.
അല്ലാ വീട്ടില് നിന്ന് നോക്കിയപ്പോ കൂടുതലായിരുന്നു.
ഭാര്യയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയോ. അല്ലെങ്കിൽ വല്ലതും കണ്ടു പേടിച്ചോ.
അങ്ങനെ ഒന്നുമില്ല.
എന്തെങ്കിലും ഇല്ലാതിരിക്കുകയില്ലല്ലോ.
ഫേസ് ബുക്കിൽ കയറി വിലസുന്നതിന്റെ ഇടയിലാ നോക്കിയത്.
ഓഹോ. അത് ശരി. ആരുടെ എങ്കിലും തെറി കിട്ടിക്കാണും. അതിനു നമ്മൾ ഫേസ് ബുക്ക് ബീ പീ എന്നാണു പറയുക. കുറച്ചു നേരം കിടന്നാൽ മാറിക്കൊള്ളും.
അങ്ങനെ ഒന്നുണ്ടോ ഡോക്ടർ
അങ്ങനെ ഒന്നല്ല. അങ്ങനെ പലതും ഉണ്ട്. ചിലർക്ക് എന്റെ മുന്നില് ഇരുന്നാൽ മുട്ട് വിറക്കും. അങ്ങനെ വരുന്ന ബീ പീ ക്ക് വേറെ പേരാ. വെള്ളചായമടിച്ച ബീ പീ എന്നാണു നാം അതിനെ വിളിക്കാറ്.
അപ്പോൾ എന്ത് ധൈര്യത്തിലാ ഡോക്ടറെ നമ്മള് മരുന്ന് കഴിക്കുക.
അതില് ധൈര്യത്തിന്റെ പ്രശ്നമൊന്നും വരുന്നില്ല. വെറും പൈസയുടെ പ്രശ്നം മാത്രമേ ഉള്ളൂ.
എന്നാലും വെറുതെ മരുന്ന് കുടിക്കുന്നത് പോലെ അല്ലെ.
ഭക്ഷണം കഴിക്കുന്നത് താൻ ആവശ്യം നോക്കിയിട്ടാണോ. കാണുമ്പോൾ തിന്നുന്നു അത്രയല്ലേ ഉള്ളൂ. അത് പോലെ ഇതും ഒരു സ്വാഭാവമാക്കണം. നമ്മളും ജീവിച്ചു പോകേണ്ടേ മോനെ മണ്ടോടി.
നിങ്ങള് തമാശ വിട്, ശരിക്കും കാര്യം പറ. എപ്പോഴാ മരുന്ന് കഴിക്കേണ്ടത്.
എന്നാൽ സത്യം പറയാം. ആദ്യം 180/100 കണ്ടാൽ കുറച്ചു കഴിഞ്ഞു വീണ്ടും നോക്കുക. പിന്നെയും കണ്ടാൽ കുറച്ചു കഴിഞ്ഞു വീണ്ടും നോക്കുക.. എന്നിട്ടും അത് പോലെ എങ്കിൽ വീണ്ടും നോക്കുക. ഇനി അവിടെയും രക്ഷയില്ലെങ്കിൽ എന്നെ ഒഴിവാക്കിയിട്ട് മറ്റൊരാളെ കൊണ്ടോ സ്വന്തം തന്നെയോ നോക്കുക. അപ്പോഴും വലിയ രക്ഷയില്ലെങ്കിൽ നീ ആള് രോഗി തന്നെ. പക്ഷെ മിക്കവാറും ഒരു അമ്പതു ശതമാനവും ഇതിനിടയിൽ നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കും. എടൊ ഈ പ്രെഷർ എന്ന സാധനം ഒരു ദിവസത്തിൽ പതിനായിരം പ്രാവശ്യം മാറുന്ന സാധനമാണ്. നിന്റെ മുന്നിലൂടെ ഒരു നായ ഓടിയാൽ പ്രഷറു, ബസ് വേഗത്തിൽ പോയാൽ പ്രഷറു, മെല്ലെ പോയാലും പ്രഷറു, ഭാര്യ ചത്താൽ പ്രഷറു , അവള് ചത്തില്ലെങ്കിലും പ്രഷറു......... ഇങ്ങനെ പല പല കാരണങ്ങൾ. ഇപ്പൊ മനസ്സിലായോ. എന്നാൽ പോ. അടുത്ത രോഗിയെ ഇങ്ങോട്ട് വിടൂ.
ഒരു ബോധോദയം ഉണ്ടായത് പോലെ മണ്ടോടി അവിടെ നിന്ന് ഇറങ്ങി നടന്നു.
No comments:
Post a Comment