Tuesday, 9 December 2014

ഫാസിസത്തിന്റെ ചരമ ഗീതം -- ദെൽ ടോരോയുടെ പാൻസ്‌ ലാബിരിന്ത്

ഏതൊരു സിനിമയും ആരംഭിക്കുന്നത് പ്രസ്തുത സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ്. ഈ പതിവ് രീതിക്ക് അപവാദമെന്നോണമാണ് ദെൽ ടോറോ തന്റെ 'പാൻസ്‌ ലാബിരിന്ത്' എന്ന സിനിമ ആരംഭിക്കുന്നത്. തന്റെ സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ താൻ പ്രദർശി പ്പിക്കില്ലെന്നും, സിനിമ കണ്ടു കഴിഞ്ഞതിനു ശേഷം നിങ്ങൾ അത് സ്വയം അന്വേഷിച്ചു കണ്ടു പിടിക്കണം എന്നുമുള്ള ധാരഷ്ട്യം, ഒരു വല്ലാത്ത ആത്മ വിശ്വാസത്തിൽ നിന്ന് ഉയിർ കൊള്ളുന്നതാണ്. സിനിമാ ചരിത്രത്തിൽ അങ്ങനെ സംഭവിച്ചത് വിരളമാണ്.

1950 കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലും ഫാസിസം ഒരു പ്രധാന പ്രമേയമായിരുന്നു.  തടുക്കാനാവാത്ത പ്രളയം പോലെ ഒരു മഹാമാരി, മനുഷ്യ സമൂഹത്തിനു മേൽ ആഞ്ഞടിച്ചപ്പോൾ, അതിൽ നിന്ന് കര കയറിയവർ ലോകത്തോട്‌ പറഞ്ഞത് വലിയ ഒരു ദുരന്തത്തിന്റെ കഥയായിരുന്നു.  അന്ന് അത്തരം ഒരു കഥയെ സൌന്ദര്യ വൽകരിക്കേണ്ട ആവശ്യം അന്നത്തെ തലമുറയിലെ ആർക്കും ഉണ്ടായിരിക്കില്ല. കാരണം അവർക്ക് അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയിരിക്കില്ല.  പക്ഷെ 21 ആം നൂറ്റാണ്ടിൽ ഫാസിസത്തിന്റെ കഥപറയാൻ തുനിഞ്ഞ ദെൽ ടോരോക്ക് അത് പോരായിരുന്നു .  കാരണം നമ്മൾ അതിനു ശേഷം പലപ്പോഴായി മനുഷ്യന്റെ പല പല ക്രൂരതകൾ കണ്ടതാണ്.  ക്രൂരത നമ്മളെ തീരെ ചലിപ്പിക്കാതായിരിക്കുന്നു. അങ്ങനെയായിരിക്കണം അദ്ദേഹം പാൻസ്‌ ലാബിരിന്ത് എന്ന സിനിമയുടെ  പണിപ്പുരയിലേക്ക് കയറിയത്.
അത് കൊണ്ടു തന്നെ ഫാസിസത്തിന് എതിരായുള്ള സമരങ്ങളെ  അധികരിച്ച് സൃഷ്ടിക്കപ്പെട്ട ഏറ്റവും മഹത്തായ ചലച്ചിത്ര കാവ്യമായി ഈ സിനിമ.

അന്ന് വരേയ്ക്കും ഫാസിസത്തിനെ കുറിച്ച് നാം കണ്ട സിനിമകൾ ഒക്കെയും യാതാര്ത്യത്തിനു നേരെ പിടിച്ച കണ്ണാടി പോലെ ആയിരുന്നു.  തികച്ചും വ്യത്യാസപ്പെട്ട ചാര്ളീ ചാപ്ലിന്റെ ഗ്രേറ്റ്‌ ദിക്റ്റെറ്റർ പോലെയുള്ള  സിനിമകൾ ചുരുക്കമായിരുന്നു എന്ന് പറയാം.  പക്ഷെ ദെൽ ടോരോയുടെ സിനിമ ആ ജനുസ്സിൽ പെടുന്ന സിനിമയെ അല്ല.  കാരണം ഇവിടെ അദ്ദേഹം പറയുന്നത് ഫാസിസതിനേക്കാൾ കൂടുതൽ ഒരു നാടോടി കഥയാണ്.

പാതാള രാജാവിന്റെ മകളായ മോയന  ഭൂമിയിൽ ആക്രുഷ്ടയാകുന്നു. അവിടത്തെ നദികളും പുഴകളും ഇളം കാറ്റുകളും ഹരം കൊള്ളിച്ച അവൾ ഒരു നാൾ തന്റെ കാവലാലുകളുടെ കണ്ണ് വെട്ടിച്ചു പുറം ലോകത്തേക്ക് പോകുന്നു. അവിടെ വച്ച് സൂര്യന്റെ അത്യുഷ്ണ ത്തിലും, നിശയിലെ അതി ശൈത്യത്തിലും, അവൾ എല്ലാം മറന്നു പോകുകയും ഒടുവിൽ മരിക്കുകയും ചെയ്യുന്നു. തന്റെ പുത്രിയുടെ ആത്മാവ് ഏതെങ്കിലും കാലത്ത് ഏതെങ്കിലും രൂപത്തിൽ ഏതെങ്കിലും ഒരു ലോകത്ത് തന്നോട് ഒരുമിച്ചു ചേരുമെന്ന് വിശ്വസിച്ച , പാതാള രാജാവ് അനന്ത കാലത്തോളം ജീവിച്ചു പോകുന്നു.  ഒടുവിൽ പിതാവിന്റെയും പുത്രിയുടെയും സമാഗമത്തോടെ കഥയും ഒപ്പം സിനിമയും അവസാനിക്കുന്നു.

പക്ഷെ സിനിമ അത് മാത്രമല്ല.  1940 കളിലെ ആഭ്യന്തര യുദ്ധത്തിനു ശേഷം സ്പയിൻ, ഫാങ്കോ എന്ന ഭീകരന്റെ കൈകളിൽ അമർന്നു. അതി ദുരിതത്തിൽ ആയ ജനത ആയുധ എടുത്തു കൊണ്ടു പോരാടാൻ തുടങ്ങി.  ഒഫീലിയ എന്ന പുസ്തകപുഴുവായ പെണ്‍കുട്ടി തന്റെ അമ്മയോടൊപ്പം രണ്ടാനച്ചനായ പട്ടാള ആപ്പീസറെ തേടി പോകുന്നതോടെ സിനിമ ആരംഭിക്കുന്നു.  രണ്ടാനച്ചനായ വിടാൽ കടുത്ത ഒരു ഫലാങ്ങിസ്റ്റ് ആയിരുന്നു.  കുന്നുകളിൽ തങ്ങളുടെ രാജ്യത്തിന് ഭീഷണിയായി സായുധ സമരം നടത്തുന്ന വിപ്ലവകാരികളെ ഉന്മൂലനം ചെയ്യുക എന്നുള്ളതായിരുന്നു അദ്ധേഹത്തിന്റെ ലക്‌ഷ്യം.  പക്ഷെ അദ്ദേഹം അറിയാതെ അദ്ധേഹത്തിന്റെ സേവക വൃന്ദങ്ങളിൽ പലരും പുറത്തു നടക്കുന്ന ധാര്മിക യുദ്ധത്തിനു പിന്തുണ നൽകുന്നവർ ആയിരുന്നു.  ഒരു തയ്യൽ കാരന്റെ മകളായി ജനിച്ചെങ്കിലും പിന്നീട് സേനാ നായകൻറെ മകളായി പരിണമിച്ച ഓഫീലിയ എന്ന കൊച്ചു ബാലികയിലും, വേദന തിന്നുന്നവന്റെ രോദനം അറിയാതെ കയറി വരുന്നതിനു, അവളെ എന്നും പരിചരിച്ച വിശുദ്ധയായ മെർസിദസ് എന്ന സ്ത്രീയുടെ ഹൃദയ വിശാലത കാരണമായി. മെർസിദസ് , തന്റെ സഹോദരൻ നയിക്കുന്ന വിപ്ലവ സംഘത്തിനു  വേണ്ടി പട്ടാള ബാരക്കിൽ ചാര പണി ചെയ്യുകയായിരുന്നു എന്ന കാര്യവും, അവളെ ഏറ്റവും വിശ്വസ്തയായി കണക്കാക്കിയിരുന്ന ക്യാപ്റ്റൻ വിടാലിനു അറിയില്ലായിരുന്നു.

പിതൃ ഗ്രിഹത്തിലെ അത്യന്ധം ഭീതിതമായ ആദ്യ രാത്രിയിൽ ഉറങ്ങാനാവാതെ കിടന്ന ഓഫീലിയയുടെ കിടക്കയിൽ ഒരു പറവ പ്രത്യക്ഷപ്പെടുന്നു.  ആ പറവ മാലാഖയുടെ രൂപമണിഞ്ഞു ഓഫീലിയയെ ബാരക്കിനടുതുള്ള പരിത്യക്തമായ ഒരു ഊടു വഴിയിൽ എത്തിക്കുന്നു.  ആഴമേറിയ ഒരു കിണറ്റിലേക്ക് സധൈര്യം ഇറങ്ങി ചെന്ന ഓഫീലിയയെ അവിടെ കാത്തു നിന്നത് ഒരു ഭീകര ജീവിയായ ഫോൻ ആയിരുന്നു.  ആടിന്റെ തലയും കുതിരയുടെ ശരീരവും ഉള്ള വിചിത്ര ജീവിയായ ഫോൻ,. ഓഫീലിയ, രാജ കുമാരിയായ മോയന ആണെന്നും, പൂർണ്ണ ചന്ദ്രൻ  ഉദിക്കുന്ന ദിവസം അവൾ പാതാള രാജ്യത്ത് തിരിച്ചു പോയി പിതാവിനോട് കൂടി ചെരെണ്ടാതാണെന്നും, ആയതിനായി മൂന്നു കടുത്ത പരീക്ഷകളിലൂടെ കടന്നു പോയി തന്റെ അമരത്വം  തെളിയിക്കെണ്ടാതാനെന്നും അറിയിക്കുന്നു. ഓഫീലിയയുടെ ഈ യാത്രയാണ് സിനിമ.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ യാതാര്ത്യം ഫാന്റസി എന്നിവയുടെ സമ്മേളനം,  അത്യധികം കൃത്യതയോടെ  നിർവഹിച്ചതാകയാൽ അവയുടെ അതിർ വരമ്പ് എവിടെയെന്നു നമുക്ക് മനസ്സിലാക്കാനേ ആവില്ല.  യാതാര്ത്യം യാതാര്ത്യമായും, ഫാന്റസി ഫാന്റസി ആയും തന്നെയാണ് നില നില്കുന്നത് എന്നും ഒഫീലിയയും അവളെ ചുറ്റി പറ്റിയുള്ള വിചിത്ര ജീവികളും അല്ലാതെ മാറ്റാരും ഫാന്റസിയുടെ ലോകത്തേക്ക് കടന്നു കയറുന്നില്ല  എന്നും നമുക്ക് ആദ്യമൊന്നും മനസ്സിലാകുന്നില്ല. അന്ത്യ രംഗങ്ങളിൽ വിടാൽ , ഓഫീലിയ ശൂന്യതയിൽ നോക്കി എന്തോ പുലമ്പുന്ന ഇടതു മാത്രമാണ് നമ്മൾ അത്തരം കാര്യം ഓർക്കുന്നത് തന്നെ. അത് വരേയ്ക്കും സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഈ മാന്ത്രിക കഥയുടെ ഭാഗങ്ങൾ തന്നെ എന്നാണു നാം ധരിച്ചു പോകുന്നത്.  അസാമാന്യമായ രീതിയിലാണ് ദെൽ ടോറോ അതി സൃഷ്ടിച്ചെടുത്തത് എന്ന് പറയാതെ നിവൃത്തിയില്ല.

സിനിമയിലെ മറ്റൊരു പ്രധാന ഘടകം വലിയവരെ അതിശയിപ്പിക്കുന്ന അഭിനയ പാടവം കാഴ്ച വെച്ച ഓഫീലിയ (ഇവാന ബാക്കുരോ) എന്ന കൊച്ചു ബാലികയാണ്. ആ ബാലികയെ പ്രസ്തുത കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തതിനെ കുറിച്ച് ദെൽ ടോറോ പറഞ്ഞത് ഇതാണ് . 'യഥാർത്ഥത്തിൽ അദ്ദേഹം മനസ്സില് വിചാരിച്ച കഥാപാത്രം എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു.  ഓടിഷന്റെ സമയത്ത് പതിനൊന്നു വയസ്സായ ഇവാന താൻ കൊടുത്ത വാചക ശകലം വായിക്കുകയായിരുന്നപ്പോൾ അദ്ധേഹത്തിന്റെ ഭാര്യ കരയുകയായിരുന്നു. അദ്ദേഹത്തിന് പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല.  തിര കഥ പോലും ഈ പതിനൊന്നു കാരിക്ക് വേണ്ടി അദ്ദേഹം മാറ്റി എഴുതി.

ഫാസിസത്തിന് എതിരെ ലോകത്ത് ഇന്ന് വരെ നടന്ന എല്ലാ പ്രതിഷേധങ്ങൾക്കും ഉള്ള ഒരു ഓർമ്മ കുറിപ്പാ യിട്ടാണ് താൻ ഈ സിനിമ സമര്പ്പിക്കുന്നത് എന്ന് ദെൽ ടോറോ പറഞ്ഞിട്ടുണ്ട്.

PAN'S LABYRINTH - 2006-  GUILLERMO DEL TORO

No comments:

Post a Comment