Sunday, 21 December 2014

വസ്ത്രങ്ങൾ

വസ്ത്രം എന്നത് എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു.  അവയുടെ അളവ് ഒരു മനുഷ്യന്റെ ശരീരത്തിന്റെ വലുപ്പം, അയാളുടെ ലിങ്ങ ഭേദം, അയാളുടെ  സംസ്കാരം  എന്നിങ്ങനെ ഉള്ള അനേകം കാരണങ്ങളാൽ മാറി കൊണ്ടിരുന്നു.

വസ്ത്രത്തിന്റെ ഉദ്ദേശ്യങ്ങൾ പ്രധാനമായും, ഇനി പറയുന്നവയാണ്. അത് കാലാവസ്ഥയിൽ നിന്ന് സംരക്ഷണം നല്കുന്നു, പ്രവൃത്തിക്കിടയിൽ ഉണ്ടാകാനിടയുള്ള ചെറിയ ചെറിയ അപകടങ്ങളിൽ നിന്ന് ശരീരത്തെ രക്ഷിച്ചു നിർത്തുന്നു, കീടങ്ങളുടെയോ ഇഴ ജീവികളുടെയോ ദംശനത്തിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം തരുന്നു. അത് ആരോഗ്യകരമായ ഒരു ആവരണവും, അപകടകരങ്ങളായ  കിരണങ്ങളിൽ നിന്നുള്ള രക്ഷകനും ആണ്.  മനുഷ്യൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു ലക്ഷത്തോളം വർഷങ്ങൾ ആയി എന്ന് പറയപ്പെടുന്നു.

പക്ഷെ വസ്ത്രം ഒരിക്കലും ഉപയോഗിച്ചത് മേൽ പറഞ്ഞ കാരണങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ കാലത്തും വസ്ത്രങ്ങൾക്ക് സമൂഹത്തിൽ വളരെ പ്രത്യേകമായ ഒരു സ്ഥാനം തന്നെ ഉണ്ടായിരുന്നു. ലിങ്ങ ഭേദം നിർണ്ണയിക്കുക, പ്രവൃത്തിയിലെ ഔന്നത്യം പ്രകടിപ്പിക്കുക, സാമൂഹ്യ നില പ്രദർശിപ്പിക്കുക, ശരീരത്തിലെ ചില അവയവങ്ങൾ മറക്കുക  എന്നിങ്ങനെ സമൂഹ പ്രധാനമായ പല കാര്യങ്ങൾക്കും വസ്ത്രങ്ങൾ എല്ലാ കാലത്തും ഉപയോഗിച്ച് പോന്നിട്ടുണ്ട്.  എല്ലാ കാലത്തും പല പല ആവശ്യങ്ങൾക്ക് പല പല രീതിയിലുള്ള വസ്ത്രങ്ങളും നാം നിർമ്മിച്ച്‌ പോന്നിട്ടുണ്ട്.  പല സംസ്കാരങ്ങളിലും സ്ത്രീകളുടെ വിനയം, വിശ്വസിക്കുന്ന മതം, സാമൂഹ്യ നില  ...എന്നിവയൊക്കെ വ്യക്തികളുടെ  വസ്ത്രധാരണത്തിൽ നിഴലിച്ചതായി കാണാം.

നഗ്നത എന്ന അനാശാസ്യം

വസ്ത്രമില്ലായ്മയെ  ആണ് നാം നഗ്നത എന്ന് പറയുന്നത്.  പക്ഷെ വസ്ത്രമില്ലായ്മ എന്ന ഈ സ്ഥിതി തികച്ചു ആപേക്ഷികമാണെന്ന് ഏതൊരു സാധാരണക്കാരനും അറിയാം.  കാരണം നഗ്നത എന്നത് മറ്റൊരാൾക്ക് മുന്നിൽ പ്രദർശിപ്പിക്കുമ്പോഴേ അത് നഗ്നത ആകുന്നുള്ളൂ എന്നും നമ്മുടെ മുറിയിൽ വച്ച്  ആരുമില്ലാത്ത നേരത്തുള്ള നമ്മുടെ നഗ്നത ഒരു അനാശാസ്യമായി നാം കണക്കാക്കുന്നില്ല എന്നും നമുക്ക് അറിയാം.  അന്യ മനുഷ്യന്  മുന്നിൽ നാം പ്രദര്ശിപ്പിക്കുന്ന ഈ നഗ്നത പോലും,  പ്രായ, സ്ഥല, കാല, അവസരങ്ങൾ എന്നിങ്ങനെ ഉള്ള അനേകം കാരണങ്ങൾ കൊണ്ടു മാറിക്കൊണ്ടേ ഇരിക്കുന്നു.   ഒരു വൈദ്യന്റെ മുന്നിൽ നഗ്നയാകുന്ന യുവതിയെ നാം അനാശാസ്യക്കാരി ആയി കണക്കാക്കുന്നെ ഇല്ല.  ഒരു ചെറിയ കുഞ്ഞിന്റെ നഗ്നത അനാശാസ്യ മാകാത്തത് പോലെ, നീന്തൽ കുപ്പായമിട്ട് മത്സരിക്കുന്ന നീന്തൽ കാരിയുടെ അർദ്ധ നഗ്നതയും നാം അനാശാസ്യമായി കണക്കാക്കുന്നില്ല.  ശരീര പ്രദർശനം എന്ന രീതിയിൽ നഗ്നത ഒരു തരത്തിലും അനുവദിക്കപ്പെടാത്ത ഒരു കുറ്റമല്ല എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കുന്നത്.  സന്ദർഭങ്ങൾ മാറുമ്പോൾ , അവയിൽ കാണുന്ന മാറ്റമോ, കാണാതിരിക്കുന്ന മാറ്റമോ  നമ്മളെ പ്രകോപിപ്പിക്കുന്നു  എന്ന് മാത്രം.  മറ്റൊരു തരത്തിൽ പറഞ്ഞാൽ നഗ്നതയെ ഒരു ദുരാചാരം എന്ന രീതിയിൽ നമുക്ക് എപ്പോഴും എതിർത്ത് കൊണ്ടിരിക്കാൻ പറ്റുന്നില്ല എന്ന് അർഥം.  'സന്ദർഭങ്ങൾ നോക്കി നാം അതിനെ അനുവദിക്കും' എന്നാണു നഗ്നതയെ നോക്കി നമ്മുടെ സമൂഹം പറയുന്നത് എന്ന് സാരം.  ഒരിക്കൽ ഒരു വേദിയിൽ വച്ച് ആരോ ഇങ്ങനെ പറഞ്ഞു 'നീന്തുന്ന സ്ഥലത്ത് ഒരു സ്ത്രീ നീന്തൽ വസ്ത്രം ധരിക്കുന്നതിനെ നാം എതിര്ക്കുന്നില്ല. പക്ഷെ അവൾ ആ വസ്ത്രം ധരിച്ചു റോഡിൽ ഇറങ്ങുന്നതിനെ മാത്രമേ നാം എതിർക്കുന്നുള്ളൂ' എന്ന്. ഇത് കേട്ട ഉടനെ നമ്മുടെ ചങ്ങാതി  ബാലാട്ടൻ ചോദിച്ചു 'നീന്തൽ പരിശീലനം കഴിഞ്ഞ കുട്ടി അതെ വസ്ത്രത്തിൽ പെട്ടന്ന് റോഡിനു അപ്പുറത്തുള്ള ഒരു പീടികയിൽ പോയി ഒരു മുട്ടായി വാങ്ങിച്ചാൽ അത് അനാശാസ്യമായി കണക്കാക്കുമോ' എന്ന്.  ബാലാട്ടൻ ക്രൂരമായ ഒരു തമാശ പറഞ്ഞതാണെങ്കിലും,  പ്രസംഗകനു ഉത്തരം മുട്ടി പോയി.  അപ്പോൾ നമ്മൾ ഓരോന്നിനും പരിധി നിർണ്ണയിക്കേണ്ടി വരും എന്ന് അർഥം. നീന്തൽ പരിശീലന വേദിയിൽ നിന്ന് ഇത്ര അകലം വരെ പോയാൽ അനാശാസ്യമില്ല, അതിനപ്പുറം പോയാൽ അനാശാസ്യം, എന്നിങ്ങനെ.  തികച്ചും അസംബന്ധം എന്ന് തോന്നിപോകും,.  പക്ഷെ എല്ലാ സദാചാര മുദ്രാവാക്യങ്ങളിലും ഒരു പരിധി വരെ ഇത്തരം അസംബന്ധങ്ങൾ നില കൊള്ളുന്നുണ്ട്.

No comments:

Post a Comment