Monday, 1 December 2014

മന്ത്രവാദവും ആലോപതിയും.


തികച്ചും ശാസ്ത്രീയമായ ഒരു ചികിത്സാ രീതി നിലവിലുള്ളപ്പോൾ രോഗികൾ മന്ത്രവാദം പോലുള്ള പ്രാകൃത ചികിത്സാ രീതികൾ തേടിപ്പോകുന്നത് യഥാർത്ഥത്തിൽ ആധുനിക ചികിത്സാ രീതിയിൽ ജനങ്ങൾക്ക്‌ വിശ്വാസം കുറഞ്ഞു വരുന്നു എന്നുള്ള വേദനാ ജനകമായ സത്യമാണ് പ്രതിഫലിപ്പിക്കുന്നത്. മന്ത്രവാദത്തെ നിരൂപിക്കുന്നതിനു പകരം നാം ഇവിടെ ചെയ്യേണ്ടത് ആധുനിക ചികിത്സയെ നിരൂപിക്കലാണ്.
ഗുളികകൾ കഴിച്ചാൽ രോഗം മാറും എന്നുള്ളതും , മന്ത്രവാദം കൊണ്ടു രോഗം മാറും എന്നുള്ളതുമായ വിശാസങ്ങൾ തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഒന്നിന് ശാസ്ത്രത്തിന്റെ പിൻ ഫലം ഉണ്ടെന്നുള്ളതും മറ്റേതിനു അതില്ല എന്നുള്ളതുമാണ്. ഗുളികകൾ കഴിച്ചു രോഗികൾ രക്ഷപ്പെടുന്നത് പോലെ മന്ത്രവാദം കൊണ്ടും രോഗികൾ രക്ഷപ്പെട്ടതിന്റെ കഥകൾ നാം കേൾക്കുന്നുണ്ട്. ഗുളികകൾ കഴിച്ചു രോഗികൾ മരിച്ചത് പോലെ മന്ത്രവാദത്തിന്റെ ആഘാതങ്ങൾ കൊണ്ടു രോഗികൾ മരിച്ചതായും നാം അറിയുന്നുണ്ട്. അപ്പോൾ പിന്നെ അവയുടെ താരതമ്യങ്ങൾ എണ്ണത്തിൽ മാത്രമായി ചുരുക്കേണ്ടി വരും.
മന്ത്രവാദം രോഗത്തിന്റെ കാരണം അന്വേഷിക്കുന്നത് രോഗിയുടെ ശരീരത്തിന് പുറത്താണ്. രോഗിയെന്ന വ്യക്തിയെ പുറത്തുള്ള ചില കേന്ദ്രങ്ങൾ ശാരീരികമായോ മാനസികമായോ പീടിപ്പിക്കുകയാൽ അത്തരം കേന്ദ്രങ്ങളെ പ്രതിരോധിക്കാനാണ് മന്ത്രവാദം ശ്രമിക്കുന്നത്. അവ ദുഷ്ട ശക്തികൾ ആകാം ദൈവത്തിന്റെയോ പിശാചിന്റെയോ അപ്രീതി ആകാം, അങ്ങനെ ഉള്ള അതി ഭൗതികമായ എന്തും ആകാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ രോഗത്തിന് കാരണം രോഗിയായ വ്യക്തിയല്ല, മറിച്ചു അവനെ ചുറ്റി നിൽക്കുന്ന മറ്റെന്തോ ആണ്.
ഈ വിശ്വാസം പക്ഷെ ആധുനിക വൈദ്യത്തിനു ഇല്ല. അത് രോഗ കാരണം തിരയുന്നത് രോഗിക്ക് ഉള്ളിൽ മാത്രമാണ്. അവന്റെ ഉള്ളിൽ പറ്റി പിടിച്ച ബാക്ടീ രിയകൾ, വൈറസ്സുകൾ, അവന്റെ ശരീരത്തിൽ എവിടെ നിന്നോ കയറി വന്ന തടിപ്പുകൾ ..... അവന്റെ ഉള്ളിൽ എത്തിപ്പെടുന്ന ഭക്ഷണങ്ങൾ (ജീവിത ശൈലിയെ ആധുനിക വൈദ്യം അംഗീകരിക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണല്ലോ)
തികച്ചും ആധുനികനും തികച്ചും പിന്തിരിപ്പനും ആയ മേൽ പറഞ്ഞ രണ്ടു ചികിത്സാ രീതികളും പൂർണ്ണമല്ല എന്ന് മേൽ ഉദാഹരണത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റും. അതോടൊപ്പം തന്നെ മറ്റൊന്ന് കൂടി മനസ്സിലാക്കാം. ആധുനികനിലും പിന്തിരിപ്പനിലും അനുകരണ യോഗ്യങ്ങളായ ചില വസ്തുതകൾ ഒക്കെ ഉണ്ടെന്നു. മന്ത്ര വാദം വിശ്വസിക്കുന്ന ശരീര ബാഹ്യമായ കാരണങ്ങൾ എന്ത് കൊണ്ടു ആധുനിക വൈദ്യന് കടമെടുത്തു കൂടാ. നമ്മുടെ രോഗത്തിന്റെ കാരണം നമ്മുടെ ശരീരം മാത്രമാണോ. അല്ലെന്നു നമ്മൾ വ്യാവസായിക വിപ്ലവം കഴിഞ്ഞ ഉടനെ ഉള്ള കാലത്ത് മനസ്സിലാക്കിയതാണ്. പേമാരി പോലെ പൊട്ടി പടർന്ന സാംക്രമിക രോഗങ്ങളെ ഒരു തരത്തിലും തടഞ്ഞു നിർത്താൻ അന്ന് പെട്ടന്ന് കണ്ടു പിടിച്ച ആധുനിക മരുന്നുകള്ക്ക് സാധിച്ചില്ല. മനുഷ്യൻ പരിസര ശുചിത്വം ഒരു ദിന ചര്യപോലെ അനുഷ്ടിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് മരുന്നുകൾക്ക് ഫലമുണ്ടാകാൻ തുടങ്ങിയത്. വളരെ പ്രകടമായ ഈ ഫലം പിന്നീട് ആധുനിക വൈദ്യത്തിന്റെ ഗുണത്തിന് (സാമ്പത്തിക ഗുണത്തിന്) വേണ്ടി മാത്രമായി തമസ്കരിക്ക പ്പെടുകയാണ് ചെയ്തത്
ഒരു പരിശോധനാ രീതി ശരിയോ തെറ്റോ എന്ന് തീരുമാനിക്കപ്പെടുന്നത് പരീക്ഷണ ശാലയിലെ പരീക്ഷണങ്ങൾ വിജയിക്കുമ്പോഴല്ല മറിച്ചു അത് പ്രയോഗിക്കപ്പെടുന്ന രോഗി രക്ഷപ്പെടുമ്പോൾ മാത്രമാണ്. ഈ ഒരു കാര്യത്തിൽ നമ്മുടെ ആധുനിക ചികിത്സ, മന്ത്രവാദത്തിൽ നിന്ന് വളരെ ഏറെ മുന്നോട്ടു പോയതായി ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ. ഇല്ല എന്ന് തന്നെയാണ് ഇപ്പോഴും പ്രാകൃതമെന്നു നാം വിശ്വസിക്കുന്ന പല ചികിത്സാ രീതികളിലേക്കും മനുഷ്യൻ തിരിയാനുള്ള കാരണം. മന്ത്രവാദം ഇന്നും ഇവിടെ സജീവമാണ് എന്ന് തെളിയിക്കുന്നത് പോലും ആധുനിക ചികിത്സയുടെ പരാജയമാണ്.
പരിത സ്ഥിതികളിൽ നിന്ന് വേർപെടുത്തിയുള്ള ഒരു ചികിത്സാ രീതി ശാസ്ത്രീയമാണെന്ന് പറയാൻ പറ്റില്ല. മാനസിക രോഗം പിടിപെട്ട സമൂഹത്തിൽ വ്യക്തികൾ മാനസികാരോഗ്യം ഉള്ളവർ ആയി വളരണം എന്ന് ആഗ്രഹിക്കുന്നത് അതിമോഹമാകുന്നത് പോലെ, പുക പിടിച്ച ഒരു അന്തരീക്ഷത്തിൽ വളരുന്നവൻ ശാരീരികാരോഗ്യം ഉള്ളവൻ ആയി വളരും എന്ന് വിശ്വസിക്കുന്നതും അതി മോഹമാണ്. ശരീരം എന്നത് അനേകം ഭാഗങ്ങളുള്ള ഒരു യന്ത്രമെന്നും അത് കൊണ്ടു അതിന്റെ ചികിത്സ യന്ത്രഭാഗങ്ങൾ അഴിച്ചെടുത്തു മാറ്റി പ്രത്യേകം പ്രത്യേകമായി ചികിത്സിക്കുന്നത് പോലെ തന്നെ ആണെന്നും വിശ്വസിക്കുന്നത് മന്ത്രവാദ ത്തേക്കാൾ മാരകമായ ഒരു അന്ധ വിശ്വാസമാണെന്നു എനിക്ക് തോന്നുന്നു.
നമുക്ക് ഇവിടെ ആവശ്യം പൂർണ്ണമായി വ്യക്തിയുടെ ശരീരത്തിലോ ശരീര ഭാഗങ്ങളിലോ കേന്ദ്രീകരിച്ചതോ, അല്ലെങ്കിൽ പൂർണ്ണമായി അവന്റെ ശരീര ബാഹ്യമായ സമൂഹത്തിൽ കേന്ദ്രീകരിച്ചതോ, അതുമല്ലാതെ പൂര്ണ്ണമായും അവന്റെ മനസ്സില് കേന്ദ്രീകരിച്ചതോ ആയ ചികിത്സാ രീതിയല്ല. കാരണം മേൽ പറഞ്ഞ മൂന്നും ഒരു വ്യക്തിയുടെ ആരോഗ്യത്തിനു ആവശ്യമാകയാൽ അവയൊക്കെയും സംയോജിപ്പിച്ച് കൊണ്ടുള്ള ഒരു ചികിത്സാ രീതിക്ക് മാത്രമേ ഇവിടെ പ്രായോഗികതയുള്ളൂ. അപ്പോൾ ചികിത്സ എന്നത് വെറും ചികിത്സ എന്നതിൽ നിന്ന് മാറി ഒരു രാഷ്ട്രീയമായി തീരുന്നു.

No comments:

Post a Comment