Saturday, 6 December 2014

വളർച്ചയുടെ പാർശ്വ ഫലങ്ങൾ

നമ്മുടെ സമൂഹം സ്നേഹം കൊണ്ടു വിളക്കി ചേർത്ത ചങ്ങല പോലെ ആയിരിക്കണം.( പ്രതിഷേധങ്ങൾ മനുഷ്യ ചങ്ങലകൾ തീർക്കുന്നത് നാം കാണുന്നുണ്ട് ).  ജീവിക്കുന്ന ചരാചരങ്ങൾ ഓരോന്നും മറ്റു ചരാചരങ്ങളോടും പ്രകൃതിയോടും ക്രിയാത്മകമായി ബന്ധപ്പെട്ടു കൊണ്ടിരിക്കണം.  ഇതിനെ നമുക്ക് വേണമെങ്കിൽ സ്വർഗം എന്ന് വിളിക്കാം.  ഓരോ ബന്ധവും ഗാഡവും, ഓരോ വേദനയും  പരസ്പരം മനസ്സിലാക്കപ്പെടുന്നതും ആവണം.  അത്തരം ഒരു സമൂഹത്തിൽ മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന്റെ ചങ്ങല തന്നെ ആപത്തുകൾക്ക് എതിരെയുള്ള വലിയ ഒരു കവചമായി രൂപാന്തരപ്പെടും. (ഇൻഷുറൻസ് പ്രത്യേകം എടുക്കേണ്ട കാര്യമില്ല).  ആകാംക്ഷയും ഭീതിയും ആ നേരങ്ങളിൽ പ്രകൃതി കൊപങ്ങൾക്ക് നേരെ മാത്രമാവും.

പക്ഷെ സ്വകാര്യ സ്വത്തിന്റെ ആഗമനത്തോടെ മനുഷ്യന്റെ സ്വഭാവങ്ങളിൽ സ്പോടനാത്മകമായ മാറ്റങ്ങൾ വന്നു.  എന്നും മനുഷ്യ മനസ്സിൽ കുടികൊണ്ടിരുന്ന സ്നേഹ വികാരങ്ങൾക്ക് പകരം , അവന്റെ മനസ്സിലുള്ള ക്ഷുദ്ര വികാരങ്ങൾക്ക്  പ്രാമുഖ്യം കിട്ടി. സ്വാർഥതയും സ്പര്ധയും വളര്ന്നു വികസിക്കാനുതകുന്ന വളക്കൂറുള്ള മണ്ണായി  തീർന്നു സ്വകാര്യ സ്വത്തിനു പ്രാമുഖ്യം കിട്ടിയ ഈ ലോകം.  മനുഷ്യൻ തന്റെ അയൽക്കാരനെ വെറുക്കാൻ തുടങ്ങി.  ഇത്തരത്തിലുള്ള പ്രതിലോമ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തെ , മാനസിക സമനിലയുള്ള ഒരു സമൂഹമായി കണക്കാക്കാൻ പറ്റുമോ?  മാത്സര്യവും സ്നേഹവും പരസ്പര പൂരകങ്ങളായ വികാരങ്ങൾ അല്ല. ഒന്ന് വളരുന്നെടത്തു മറ്റേതു തളരും.  നമ്മുടെ സമൂഹം മാനസിക വൈകല്ല്യത്തിനു അടിപ്പെട്ടിരിക്കുന്നു.  നിത്യ ജീവിതത്തിൽ നമുക്ക് അതിന്റെ ലക്ഷണങ്ങൾ കാണാവുന്നതാണ്.  കൂട്ടമായ ആത്മഹത്യകൾ, കൂട്ട കൊലകൾ , മയക്കു മരുന്നുകൾ, മദ്യം, ഭീകര വാദം, എന്നിങ്ങനെ ഉള്ള അനേകമനേകം വ്യക്തി ദൂഷ്യങ്ങൾക്കൊപ്പം, രാജ്യത്തിന്റെ കാര്യത്തിൽ യുദ്ധവും. മറ്റുള്ള വ്യവസായങ്ങൾ പോലെ കൊലപാതകവും ഇന്നൊരു വ്യവസായമായി പോയി.  വ്യക്തികളുടെ നിലയിൽ വാടക കൊലകളും, രാജ്യത്തിന്റെ നിലയിൽ യുദ്ധങ്ങളും.  ഹിട്ലരെ അനു നിമിഷം ചീത്ത പറഞ്ഞു കൊണ്ടിരിക്കുന്ന സമൂഹം, ആയുധങ്ങൾ വാങ്ങി കൂട്ടുന്നു.

മനുഷ്യന്റെ ശാസ്ത്രീയ ചിന്തയുടെ ആധാരം,  ഓരോ മനുഷ്യന്റെയും സന്തോഷ പൂർണ്ണ മായ ജീവിതം ആയിരിക്കണം എന്നതിൽ തർക്കമില്ല.  ഇന്നത്തെ മനുഷ്യനോളം ശാസ്ത്ര കുതുകിയായ മനുഷ്യൻ ഇതിനു മുൻപൊരിക്കലും ഈ ലോകത്ത് ജീവിച്ചിട്ടില്ല എന്ന് നാം അഭിമാനം കൊള്ളുന്നു.  പക്ഷെ പരസ്പരം കൊല്ലുന്നതിലെ അശാസ്തീയത ഇന്ന്  നമ്മെ ഞെട്ടിക്കുന്നില്ല. രോഗങ്ങളെക്കാൾ കൂടുതൽ ഇന്ന് മനുഷ്യനെ കൊല്ലുന്നത്‌ മരുന്നുകളാണ് എന്നുള്ള കാര്യം നമ്മെ അലോസരപ്പെടുത്തുന്നില്ല.  വിശ്രമം എന്നത് നമ്മൾ സമരം നടത്തി നേടിയ ഒരു അവകാശമായിരുന്നു എന്ന് നമ്മൾ മറന്നു പോകുകയും,  പണത്തിനു വേണ്ടി നാം വിശ്രമങ്ങൾ വേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു.  ഭക്ഷണങ്ങൾക്ക്‌ പകരം നമ്മൾ വിഷ വസ്തുക്കൾ കഴിക്കുകയും,  ഭക്ഷണങ്ങളിൽ വിഷങ്ങൾ ചേർക്കുന്നത് ഒരു സ്വാഭാവിക നീതിയായി അങ്ങീകരിക്കുകയും ചെയ്തിരിക്കുന്നു (ഇന്നാളൊരിക്കൽ ഒരു ചാനലിൽ  വന്ന ചർച്ച ഭക്ഷണങ്ങളിൽ നിന്ന് മായങ്ങൾ എങ്ങനെ കഴുകി കളയാം എന്നുള്ളതിനെ കുറിച്ചായിരുന്നു.  മായം ചേർക്കുന്നവനെ നാം മറ്റൊരു തൊഴിലാളിയോ അല്ലെങ്കിൽ വ്യവസായിയോ ആയി അംഗീകരിച്ചത് പോലെ തോന്നി.  അവനെ അറസ്റ്റ് ചെയ്തു ശിക്ഷിക്കണം എന്ന് അവിടെ ഒരാളും പറഞ്ഞില്ല).

ആർത്തി ഒരു നല്ല സ്വഭാവമായി പരിപോഷിപ്പിക്കപ്പെട്ട ഇന്ന്,  എല്ലാം ആർജിക്കുക എന്നുള്ളത് ഒരു സാമൂഹിക നന്മ്മ ആയി തീർന്നിരിക്കുന്നു.  വസ്തുക്കൾ ആർജിക്കുന്നവൻ പുഴ കടന്നതിനു ശേഷം തോണി എടുത്തു നടക്കുന്നവനെ പോലെ ആണെന്ന് ബുദ്ധൻ പണ്ടു പറഞ്ഞിട്ടുണ്ട്.

സ്വകാര്യ സ്വത്തു എന്നത് ഇംഗ്ലീഷ് ഭാഷയിലെ  പ്രൈവറ്റ് പ്രൊപർടി എന്നതിന്റെ പരിഭാഷയാണ്.  പ്രൈവറ്റ് എന്ന വാക്കിന്റെ മൂല രൂപം ലത്തീൻ ഭാഷയിലെ പ്രിവരെ എന്നതാണ്.  മറ്റുള്ളവർക്ക് കൊടുക്കാത്തത് എന്നതിന് സമാനമായ അർത്ഥമാണ് അതിനു ഉള്ളത്. അപ്പോൾ സ്വകാര്യ സ്വത്തു എന്നത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അവകാശമില്ലാത്ത സ്വത്തു എന്നാണു അർഥം.  മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അവകാശമില്ലാത്ത വസ്തുക്കൾ ആ വസ്തുവിന്റെ ഉപയോഗ ക്ഷമത കുറക്കുന്നു.  കാരണം നിങ്ങൾ നിങ്ങളുടെ വസ്തു നിങ്ങളുടെ അയല്ക്കാരന് കൊടുക്കാതിരിക്കുമ്പോൾ, അവനു പുതിയ ഒരെണ്ണം വാങ്ങേണ്ടി വരുന്നു.  ഒരു വസ്തു ശരിയായ രീതിയിൽ ഉപയൊഗിക്ക പ്പെടുന്നില്ല എന്നുള്ള തിന്മ മാത്രമല്ല ഇവിടെ സംഭവിക്കുന്നത്‌. അനാവശ്യമായി ഒരു വസ്തു കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു എന്നുള്ളത് കൂടിയാണ്.  ഓരോ അത്യുല്പാദനവും പ്രകൃതിയെ കൂടുതൽ നാശത്തിലേക്ക് അടുപ്പിക്കുകയാൽ സ്വകാര്യ  സ്വത്തു പ്രകൃതി വിരുദ്ധമാണ്.

No comments:

Post a Comment